ഒന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിന് അന്ത്യം. ഇനി ഹോട്ട്‌മെയില്‍ ഇല്ല. ഔട്ട്‌ലുക്ക് ഡോട്ട് കോം (Outlook.com) എന്ന വെബ്‌മെയില്‍ സര്‍വീസിലേക്ക് മൈക്രോസോഫ്റ്റ് ചുവടുമാറ്റുന്നു.
മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ സ്‌കൈപ്പ് (Skype) വീഡിയോ ചാറ്റ് സൗകര്യത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ പാകത്തിലാണ് പുതിയ വെബ്‌മെയില്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമിന്റെ മെട്രോ യുഐ (Metro UI) യുമായി ചേര്‍ന്നുപോകത്തക്കവിധം ഔട്ട്‌ലുക്ക് ഡോട്ട്‌കോമിനെ രൂപപ്പെടുത്തുകയാണ് മൈക്രോസോഫ്റ്റ് ചെയ്തത്.
ഈമെയില്‍ സന്ദേശങ്ങള്‍ ഫലപ്രദമായ വിധത്തില്‍ ക്രമീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനൊപ്പം, സ്‌കൈപ്പ് വഴി ഇന്റര്‍നെറ്റ് വീഡിയോ വിളികള്‍ അനായാസമാക്കാനും മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം സഹായിക്കും.
| പുതിയ വെബ്‌മെയിലുമായി സ്‌കൈപ്പ് വീഡിയോ ചാറ്റ് സൗകര്യം കൂട്ടിയിണക്കിയിരിക്കുന്നു |
വെബ്‌മെയില്‍ വിപണിയില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന ഗൂഗിളിന്റെ ജിമെയില്‍ സര്‍വീനെ കടത്തിവെട്ടാനാണ് മൈക്രോസോഫ്ടിന്റെ നീക്കമെന്ന് വ്യക്തം.
ഇന്ത്യക്കാരനായ ഷബീര്‍ ഭാട്ടിയയും ജാക്ക് സ്മിത്തും ചേര്‍ന്ന് 1996 ല്‍ സ്ഥാപിച്ചതാണ് 'HoTMaiL'. ഇന്റര്‍നെറ്റിലെ ആദ്യ വെബ് അധിഷ്ഠിത ഈമെയില്‍ സര്‍വീസുകളിലൊന്നായിരുന്നു അത്.
1997 ഡിസംബറില്‍ വന്‍തുക നല്‍കി (40 കോടി ഡോളറെന്നാണ് പുറത്തുവന്ന വിവരം) മൈക്രോസോഫ്റ്റ് ഹോട്ട്‌മെയിലിനെ സ്വന്തമാക്കി. വൈകാതെ ലോകത്തെ ഏറ്റവും വലിയ വെബ്‌മെയില്‍ സര്‍വീസായി ഹോട്ട്‌മെയില്‍ വളര്‍ന്നു.
1999 ഫിബ്രവരിയില്‍ മൂന്നുകോടി യൂസര്‍മാര്‍ ഹോട്ട്‌മെയിലിന് ഉണ്ടായിരുന്നു. 'കോംസ്‌കോറി' (ComScore) ന്റെ കണക്ക് പ്രകാരം 2010 ആഗസ്തില്‍ ലൈവ് ഹോട്ട്‌മെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 36.9 കോടി ആയിരുന്നു.
മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ശേഷം ഹോട്ട്‌മെയിലിന്റെ പേര് പലവിധത്തില്‍ പരിഷ്‌ക്കരിക്കപ്പെട്ടു. എം.എസ്.എന്‍.ഹോട്ട്‌മെയില്‍ (MSN Hotmail), വിന്‍ഡോസ് ലൈവ് ഹോട്ട്‌മെയില്‍ (Windows Live Hotmail) എന്നൊക്കെ. എങ്കിലും വാലറ്റമായി ഹോട്ട്‌മെയില്‍ നിലനിന്നു. ആ ബ്രാന്‍ഡ് നാമം പുതിയ തീരുമാനത്തോടെ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുകയാണ്.
ഈമെയിലുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകള്‍ 'ഓവര്‍ലോഡാ'കുന്ന അവസ്ഥയാണിന്നുള്ളതെന്ന് ഔട്ട്‌ലുക്ക് ഡോട്ട് കോം അവതരിപ്പിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് അഭിപ്രായപ്പെട്ടു.
അതിനൊരു പരിഹാരം, വെബ്‌മെയിലിലുള്ള വിവിധ തരം ഉള്ളടക്കഘടകങ്ങളെ ഓട്ടോമാറ്റിക്കായി വ്യത്യസ്ത സ്ഥാനങ്ങളില്‍ ക്രമീകരിക്കുകയാണ്. ഈമെയില്‍ സന്ദേശങ്ങളും കോണ്‍ടാക്ടുകളും ന്യൂസ്‌ലെറ്ററുകളും പാക്കേജ് ഡെലിവറി നോട്ടീസുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പോസ്റ്റുകളും -ഇങ്ങനെ വ്യത്യസ്ത ഘടകങ്ങളെ വ്യത്യസ്ത മേഖലകളില്‍ സൂക്ഷിക്കുക.
| മൈക്രോസോഫ്റ്റിന്റെ സ്‌കൈഡ്രൈവ് സര്‍വീസ് ഉപയോഗിച്ച് വലിപ്പമേറിയ ചിത്രങ്ങളും വീഡിയോ ഫയലുകളും പുതിയ വെബ്‌മെയിലില്‍ അറ്റാച്ച് ചെയ്യാന്‍ പ്രയാസമില്ല |
യൂസര്‍മാര്‍ വരിക്കാരായേക്കാവുന്ന മറ്റ് സര്‍വീസുകളുമായി എളുപ്പം ബന്ധപ്പെടാന്‍ പാകത്തിലാണ് ഔട്ട്‌ലുക്ക് അക്കൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്കഡ്ഇന്‍, ഗൂഗിള്‍ എന്നിവയുമായി (താമസിയാതെ സ്‌കൈപ്പുമായും) ബന്ധപ്പെട്ടിരിക്കുന്ന ആദ്യ ഈമെയില്‍ സര്‍വീസായിരിക്കും ഇതെന്ന് മൈക്രോസോഫ്റ്റിലെ ക്രിസ് ജോണ്‍സ് ഒരു ബ്ലോഗില്‍ പറഞ്ഞു.
'സുഹൃത്തുക്കള്‍ നിങ്ങളുമായി പങ്കിട്ട ഫോട്ടോകളും, സമീപകാല അപ്‌ഡേറ്റുകളും, ട്വീറ്റുകളും ഒക്കെ ചേര്‍ന്ന് വളരെ സജീവമായ ഈമെയില്‍ സന്ദേശങ്ങളാകും ഔട്ട്‌ലുക്ക് ഡോട്ട് കോമിന്റെ ഇന്‍ബോക്‌സിലെത്തുക. ചാറ്റ് ചെയ്യാനും വീഡിയോ വിളികള്‍ നടത്താനും കഴിയും. മാത്രമല്ല, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്ന അപ്റ്റുഡേറ്റ് കോണ്‍ടാക്ട് പട്ടികയാകും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുക'.
തന്റെ ബ്ലോഗില്‍ ഗൂഗിളിന് ഒരു തട്ടുകൊടുക്കാനും ക്രിസ് ജോണ്‍സ് മറന്നിട്ടില്ല. ഈമെയില്‍ ഉള്ളടക്കമോ, അറ്റാച്ച്‌മെന്റുകളോ സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്കും മറ്റും കൈമാറാന്‍ മൈക്രോസോഫ്റ്റിന് ഉദ്ദേശമില്ലെന്ന് ബ്ലോഗില്‍ പറഞ്ഞു.
നിലവിലുള്ള ഈമെയില്‍ സര്‍വീസുകളിലൊക്കെ അറ്റാച്ച് ചെയ്യാവുന്ന ചിത്രങ്ങളുടെയും വീഡിയോ ഫയലുകളുടെയും വലിപ്പത്തിന് പരിധിയുണ്ട്. ആ പരിമിതി ഉണ്ടാവില്ല എന്നതാണ് ഔട്ട്‌ലുക്ക് ഡോട്ട് കോമിന്റെ പ്രത്യേകത.
മൈക്രോസോഫ്റ്റിന്റെ സ്‌കൈഡ്രൈവ് (Skydrive) സര്‍വീസിന്റെ സഹായത്തോടെ ഏത് വലിപ്പത്തിലുള്ള ചിത്രങ്ങളും വീഡിയോകളും അറ്റാച്ച് ചെയ്ത് അയയ്ക്കാന്‍ കഴിയും.
ഔട്ട്‌ലുക്ക് ഡോട്ട് കോമിന്റെ 'പ്രിവ്യൂ' പതിപ്പ് മൈക്രോസോഫ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്.
മെയില്‍ അപ്‌ഗ്രേഡ് ചെയ്യാനാണ് കമ്പനി ഉപദേശിക്കുന്നതെങ്കിലും, പഴയ മെയില്‍ ഐഡികളില്‍ (@hotmail.com, @msn അല്ലെങ്കില്‍ @live.com) തല്‍ക്കാലം തുടരാന്‍ ബുദ്ധിമുട്ടില്ല. താത്പര്യമുള്ളവര്‍ക്ക് @outlook.com അഡ്രസ്സ് എടുക്കുകയുമാകാം.
No comments:
Post a Comment