Friday, May 18, 2012

വിക്കിപീഡിയയില്‍ പരസ്യമുണ്ടെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസുണ്ട്‌


ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ. ഇക്കാലത്ത്‌ വിവരശേഖരണത്തിനായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന്‌ ആളുകള്‍ വിക്കിപീഡിയയെയാണ്‌ ഉപയോഗിക്കുന്നത്‌. നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്ന്‌ വിക്കിപീഡിയയില്‍ പ്രവേശിക്കുമ്പോള്‍ ആ സൈറ്റില്‍ വാണിജ്യ പരസ്യങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസ്‌ ബാധിച്ചിട്ടുണ്ട്‌.

വെബ്‌ ബ്രൗസറിനെ വൈറസ്‌ ബാധിക്കുന്നതുമൂലമാണ്‌ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്നതെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. വിക്കിപീഡിയയില്‍ ഒരിക്കലും പരസ്യം ഉപയോഗിക്കുന്നില്ലെന്ന്‌ വിക്കിപീഡിയ വ്യക്‌താവ്‌ അറിയിച്ചു. ഒരു മില്യണിലധികം ആളുകള്‍ മുപ്പത്‌ ഡോളര്‍ വീതം നല്‍കിയ സംഭാവന ഉപയോഗിച്ചാണ്‌ വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ ഞങ്ങള്‍ക്ക്‌ പരസ്യവരുമാനത്തിന്റെ ആവശ്യമില്ല- വിക്കി വ്യക്‌താവ്‌ പറഞ്ഞു. എന്നാല്‍ അടുത്തകാലത്തായി വിക്കി സൈറ്റുകളില്‍ പരസ്യം ദൃശ്യമാകുന്നതായി ചിലര്‍ അറിയിക്കാറുണ്ട്‌. ഇത്‌ വെബ്‌ ബ്രൗസറിനെ വൈറസ്‌ ബാധിച്ചതുമുലമാണെന്നും വിക്കി വ്യക്‌താവ്‌ അറിയിച്ചു. ഇങ്ങനെ പരസ്യം ദൃശ്യമാകുന്നുണ്ടെങ്കില്‍ കംപ്യൂട്ടറിന്റെ മെമ്മറിയെയും ഹാര്‍ഡ്‌ ഡിസ്‌ക്കിനെയും വൈറസ്‌ ബാധിച്ചിരിക്കാമെന്ന്‌ വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. അതുകൊണ്ടുതന്നെ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്ന കംപ്യൂട്ടറുകളില്‍ നല്ല ഒരു ആന്റി വൈറസ്‌ ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്യുകയും ആവശ്യമെങ്കില്‍ ബ്രൗസര്‍ ഒഴിവാക്കിയ ശേഷം റി-ഇന്‍സ്‌റ്റാള്‍ ചെയ്യുകയും വേണമെന്ന്‌ വിദഗ്‌ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

No comments: